Leader Page
കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും നോട്ടീസ് അയച്ചു വാർത്തയുണ്ടാക്കി. ബോണ്ടിന്റെ അണിയറ ശില്പികളായ ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാം എന്നിവർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കുറി ചെന്നൈയിലെ അവരുടെ അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിയാണ് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. മൂന്നു വർഷത്തെ അന്വേഷണത്തിനൊടുവിൽ ഇഡി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റിൽ കള്ളപ്പണ കേസിൽ സുപ്രധാന തീരുമാനം എടുക്കുന്ന അർധ ജുഡീഷൽ സംവിധാനമാണ് അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി. കേസന്വേഷണത്തിന്റെ ഭാഗമായി ഇഡി നടത്തിയിട്ടുള്ള കണ്ടുകെട്ടലുകൾക്ക് അംഗീകാരം കൊടുക്കുന്ന സംവിധാനമാണിത്. ഒരു ചെയർമാനും രണ്ടംഗങ്ങളുംഅടങ്ങിയതാണ് അഥോറിറ്റി. നിയമം, ഭരണം, ധനാകാര്യം വിഷയങ്ങളിൽ വിദഗ്ധരാണ് ഇതിലുള്ളത്. ഇവരാണ് ഇഡിയുടെ നടപടികളിൽ അന്തിമ തീരുമാനമെടുക്കുന്നത്.
180 ദിവസത്തിനകം ഇവർ തീരുമാനമെടുത്തില്ലെങ്കിൽ ഇഡിയുടെ നടപടി ലാപ്സാകും. ഇഡിയുടെ റിപ്പോർട്ടനുസരിച്ച് കുറ്റം ചെയ്തതായി ബോർഡിന് തോന്നുന്നവർക്കാണ് നോട്ടീസ് അയയ്ക്കുന്നത്. അതുകൊണ്ട് ഇഡിയുടെ കിഫ്ബി വിവാദത്തിൽ സുപ്രധാനമായ തീരുമാനം ഉണ്ടാകാൻ പോകുകയാണെന്നു കരുതാം. ലണ്ടൻ, സിംഗപ്പുർ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി 50,000 കോടി രൂപ സമാഹരിക്കുന്നതിനാണ് കിഫ്ബി 2019ൽ 9.72 ശതമാനം പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയത്. 2672 കോടി രൂപ സമാഹരിച്ചു.
ലാവ്ലിൻ ബന്ധം വീണ്ടും
ലോകബാങ്ക് 2.5 ശതമാനം പലിശയ്ക്കു പണം നല്കുന്ന കാലത്താണ് കിഫ്ബി 9.72 ശതമാനം പലിശയ്ക്കു ബോണ്ട് വിറ്റത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത 16 ഇന്ത്യൻ കന്പനികൾ 5.5 ശതമാനം മുതൽ 7.7 ശതമാനം വരെ പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയപ്പോഴാണ് കിഫ്ബി 9.2 ശതമാനം പലിശ വാഗ്ദാനം ചെയ്തത്.
കുപ്രസിദ്ധമായ ലാവ്ലിൻ കന്പനിയുമായി അടുത്ത ബന്ധമുള്ള സിഡിപിക്യു എന്ന കന്പനിക്കാണ് ബോണ്ട് വിറ്റതെന്ന് വിഷയം സഗൗരവം പഠിച്ചിട്ടുള്ള മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. ഈ കന്പനിക്ക് ലാവ്ലിൻ കന്പനിയിൽ 20 ശതമാനം ഷെയറുണ്ട്. ഈ കന്പനിയുടെ ഉദ്യോഗസ്ഥരും കേരള സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ രഹസ്യചർച്ച നടത്തിയശേഷമാണ് മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ചതും അതിന് 9.72 ശതമാനം പലിശ നിശ്ചയിച്ചതും പ്രൈവറ്റ് പ്ലേസ്മെന്റിലൂടെ ഇവർക്ക് ബോണ്ട് വിറ്റതും തുടങ്ങി രമേശ് പറയുന്നത് ഞെട്ടിക്കുന്ന കഥകളാണ്.
2019 മാർച്ച് 29നു മുന്പേതന്നെ കച്ചവടം നടന്നു, കാശും കിട്ടി. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിൽ അതു വന്നിരുന്നു എന്നാണ് രമേശ് പറയുന്നത്. അതിനു ശേഷമാണ് 2019 ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി ലണ്ടനിൽ പോയതും ബോണ്ട് കച്ചവടം ഉദ്ഘാടനം ചെയ്തതും. രമേശ് വലിയ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സ്പ്രിംഗ്ളർ ഇടപാടു മുതൽ രമേശ് ഉന്നയിച്ച എല്ലാ ആരോപണവും ശരിയെന്ന് തെളിഞ്ഞിട്ടുമുണ്ട്. അതായത്, ഇഡിയുടെ കൈയിൽ നല്ല തെളിവുണ്ടെന്ന് സാരം. മസാല ബോണ്ടിൽ ഒരു കിംഗ് പിൻ ഉണ്ടെന്ന് ചെന്നൈ വ്യവസായി മുഹമ്മദ് എർഷാദ് ഡൽഹി കോടതിയിൽ വെളിപ്പെടുത്തി. നേതാക്കളുടെ കള്ളപ്പണം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ ഇടനിലക്കാരനായ ഇയാളുടെ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിയെ ധരിപ്പിക്കാം എന്നും എർഷാദ് പറഞ്ഞു.
പതിവ് പരിപാടി ആകുമോ?
മസാല ബോണ്ടിൽ ഇഡി കിഫ്ബിക്കു നോട്ടീസ് അയയ്ക്കുന്നത് നടാടെയല്ല. 2024ൽ അയച്ച സമൻസ് പിൻവലിച്ചതാണ്. സമൻസ് അയച്ച് വാർത്തയുണ്ടാക്കുന്നു എന്നല്ലാതെ ഒന്നും ചെയ്യാത്ത ചടങ്ങായിട്ടുണ്ട് ഇഡിയുടെ നോട്ടീസുകൾ. അതുകൊണ്ട് ആ നോട്ടീസുകളോട് നാട്ടുകാർക്ക് ഒരുതരം പുച്ഛവുമായി. അത്തരത്തിൽ ഒന്നാകുമോ ഈ സമൻസ് എന്ന് കാത്തിരുന്നു കാണണം.
കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട്രോളർ ആന്ഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. രാജ്യത്തിനു പുറത്തുനിന്നു സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടനയുടെ അനുശാസനത്തിനു വിരുദ്ധമാണ് മസാല ബോണ്ട് എന്ന് സിഎജി കുറ്റപ്പെടുത്തി. എന്നാൽ, ഇത്തരം കാര്യങ്ങളിൽ അനുമതി നൽകാനുള്ള അവകാശം റിസർബ് ബാങ്കിനാണെന്നും അതു കിഫ്ബിക്ക് ഉണ്ടെന്നും കിഫ്ബി വാദിച്ചു. ഇതുവരെയുള്ള കടമെടുപ്പിലൂടെ 3100 കോടിയുടെ ബാധ്യത സർക്കാരിന് ഉണ്ടാക്കിയെന്നും വ്യക്തമാക്കി. ഇതിന്റെ വെളിച്ചത്തിലാണ് ഇഡി 2022ൽ കിഫ്ബിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്.
കിഫ്ബി സമാഹരിക്കുന്ന പണം സംസ്ഥാനത്തിന്റെ കടത്തിലാണ് കേന്ദ്രം ഉൾപ്പെടുത്തുന്നത്. എന്നാൽ, കേന്ദ്രത്തിലെ നാഷണൽ ഹൈവേസ് അഥോറിറ്റി സമാഹരിക്കുന്ന പണം ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുന്നതിനാൽ അവർ സമാഹരിക്കുന്ന തുക കേന്ദ്രസർക്കാരിന്റെ കടത്തിൽ ഉൾപ്പെടുത്തുന്നില്ല. യുസർ ഫീ ഏർപ്പെടുത്തിക്കഴിഞ്ഞാൽ കിഫ്ബിയുടെ കടങ്ങൾക്കും ഈ പരിഗണന കിട്ടും എന്ന ന്യായവും കേരള സർക്കാർ പുറത്തുവിട്ടിരുന്നു.
ആത്മാർഥതയിൽ വിശ്വാസമില്ല
കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡിയും സിബിഐയും പിണറായിക്കുവേണ്ടി പണിയെടുക്കുന്നവരാണ് എന്ന ധാരണ കേരളത്തിൽ ശക്തമാണ്. പിണറായി സർക്കാർ പലതരം സംഘർഷങ്ങളിൽ പെടുന്പോൾ അവർ അന്വേഷണം പ്രഖ്യാപിച്ച് വാർത്തയുണ്ടാക്കും. ജനം മറ്റു വിഷയങ്ങൾ ഉപേക്ഷിക്കുന്പോൾ അവർ പിൻവാങ്ങും. ചുരുക്കത്തിൽ, ഇതെല്ലാം ‘വെറും ചക്കളത്തിപ്പോരാട്ടം’ മാത്രം. ജനത്തിന് ഇഡിയെയും വിശ്വാസമില്ല.
ലാവ്ലിൻ ഇടപാടിലെ കേസ് പത്തു വർഷത്തിലേറെയായി സുപ്രീംകോടതിയിൽ അനങ്ങാതെ കിടക്കുന്നത് സിബിഐ കാരണമാണ്. അവർക്ക് കേസ് വാദിക്കാൻ സാധിക്കുന്നില്ല. 41 തവണയാണ് കേസ് മാറ്റിവച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ അടക്കമുള്ളവർ പ്രതിയായുള്ള സ്വർണക്കള്ളക്കടത്ത് കേസ് സ്വതന്ത്രവും നീതി പൂർവവുമായ വിചാരണയ്ക്കായി കർണാടകത്തിലേക്ക് മാറ്റണം എന്ന കേസും 2022 മുതൽ തീരുമാനമാകാതെ നീങ്ങുകയാണ്.
കോവിഡ് കാലത്ത് സ്പ്രിംഗ്ളർ കന്പനിക്ക് കേരളത്തിലെ 1.75 ലക്ഷം ജനങ്ങളുടെ ആരോഗ്യരഹസ്യം കൈമാറിയതു മുതലുള്ള ഇടപാടു മുതൽ കേന്ദ്ര ഏജൻസികൾ പിണറായിയുടെ ഇടപാടുകളോട് കാണിക്കുന്ന ഉദാര സമീപനം കേരളത്തിലെ സാധാരണക്കാരനും മനസിലാകുന്നുണ്ട്. ഈ ഡേറ്റകിട്ടിയതിനെത്തുടർന്നാണ് വിദേശഭീമൻ ആശുപത്രികൾ കേരളത്തിലെ വൻകിട ആശുപത്രികൾ കച്ചവടം ചെയ്തത്.
കൊച്ചിയിലെ സിഎംആർഎൽ കന്പനിക്കു വീണ തായ്ക്കണ്ടിയുടെ സ്ഥാപനമായ എക്സാലോജിക് ഒരു സേവനവും കൊടുക്കാതെ കൈപ്പറ്റിയ 1.71 കോടി രൂപ സംബന്ധിച്ച നടപടിക്രമങ്ങളും എവിടെ എത്തുമെന്ന് ആർക്കും ഉറപ്പില്ല. ബിജെപി നേതാവായ ഷോണ് ജോർജ് ഹൈക്കോടതിയിൽ പൊതുതാത്പര്യ പരാതി കൊടുത്തപ്പോൾ വല്ലതും സംഭവിച്ചേക്കുമെന്ന് കരുതി. സംഭവം സീരിയസ് ഫ്രോഡായി കണക്കാക്കി നടത്തിയ അന്വേഷണവും എവിടെയും എത്തുന്നില്ല. എല്ലാം ഒന്നും സംഭവിക്കാതെ അവസാനിക്കുന്നു.
ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ഇഡി വരുന്നു എന്നു കേട്ട് ജനം പേടിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടന്ന കേസന്വേഷണത്തിൽ കുടുങ്ങിയ കൊള്ളക്കാർ രക്ഷപ്പെടാൻ പോകുന്നു എന്നായിരുന്നു ഭയം. ഏതായലും ഇതുവരെ ഇഡിയുടെ അന്വേഷണം വരാത്തതുകൊണ്ട് പല പ്രതികളും അറസ്റ്റിലായി. വേറെ പലരും അറസ്റ്റ് ചെയ്യപ്പെടും എന്നു കരുതപ്പെടുന്നു.
പിണറായിയുടെ മാതൃക
സിപിഎം കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയുമൊക്കെ എന്തെല്ലാം വരട്ടുതത്വവാദങ്ങൾ പറഞ്ഞു സാധാരണക്കാരെ കബളിപ്പിച്ചാലും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരുമായി നല്ല ബന്ധത്തിൽ കഴിയുന്നതാണ് കേരളത്തിനു നല്ലതെന്നു തിരിച്ചറിയുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
പ്രധാനമന്ത്രി മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം കുറ്റപ്പെടുത്തിയും വിമർശിച്ചും പലതും പറയും. പക്ഷേ, കാര്യത്തോടടുക്കുന്പോൾ പരസ്പരം സഹായിക്കും. ഇപ്പോൾ രാജ്യസഭാഗം ജോണ് ബ്രിട്ടാസാണ് മധ്യസ്ഥൻ. കേന്ദ്രവുമായി പാലം പണിതാൽ എന്താണു തെറ്റെന്ന എം.വി. ഗോവിന്ദന്റെ ചോദ്യം വലിയ സൂചനയല്ലേ? ഫെഡറൽ സംവിധാനത്തിൽ അത് അനിവാര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Kerala
കൊച്ചി: ഏതു തെരഞ്ഞെടുപ്പ് വന്നാലും സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് വിലയിരുത്തപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സര്ക്കാരിനെ പൊതുജനങ്ങള് ദൈനംദിനം വിലയിരുത്തിക്കൊണ്ടാണിരിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിലല്ല സര്ക്കാരിനെ വിലയിരുത്തേണ്ടത്. അവസാന വിലയിരുത്തല് നിയമസഭാതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മൂന്നാം തവണയും അധികാരത്തില് വരുമോയെന്നു തീരുമാനിക്കേണ്ടത് പൊതുജനമാണ്. തന്റെ കാര്യം പാര്ട്ടിയാണു തീരുമാനിക്കേണ്ടത്. -മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില് പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎം ശ്രീ
പിഎം ശ്രീയില് ജോണ് ബ്രിട്ടാസ് എംപിയുടെ ഇടപെടല് സംബന്ധിച്ച ചോദ്യത്തിന് നാടിന്റെ ആവശ്യങ്ങള് നേടിയെടുക്കുന്നതിനുവേണ്ടിയുള്ള ഇടപെടലാണ് ജോണ് ബ്രിട്ടാസ് നിര്വഹിച്ചതെന്നായിരുന്നു പിണറായിയുടെ മറുപടി.
മറ്റേതെങ്കിലും തരത്തിലുള്ള നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ജോണ് ബ്രിട്ടാസ് മികച്ച ഇടപെടലിനു ശേഷിയുള്ള എംപിയാണ്. സംസ്ഥാനത്തിന് അര്ഹമായ ഫണ്ട് ലഭിക്കുന്നതിന്റെ ഭാഗമായാണ് എംപി എന്നനിലയില് അദ്ദേഹം ഇടപെടല് നടത്തിയത്-പിണറായി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസില് പോലീസ് ഫലപ്രദമായ നടപടികള് സ്വീകരിച്ചുവരികയാണ്. പക്ഷേ, പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിക്ക് ബോധപൂര്വം ചിലര് സംരക്ഷണമൊരുക്കുന്നുണ്ട്. ചില സ്ഥലങ്ങളെപ്പറ്റി അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇനിയെങ്കിലും അത്തരം സംരക്ഷണം ഒരുക്കാതിരിക്കണം.
പോലീസ് ഫലപ്രദമായി പ്രവര്ത്തിച്ച് പ്രതിയെ വൈകാതെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തിലെ പ്രതിപക്ഷ ആരോപണങ്ങള് ജനം വിലയിരുത്തട്ടെ. മനഃസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതങ്ങളാണ് രാഹുല് മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ ലൈംഗിക വൈകൃതക്കാരന്റെ നപടികള് പൊതുപ്രവര്ത്തകനോ പൊതുസമൂഹത്തിനോ ചേര്ന്നതാണോ. ആരോപണങ്ങൾ ഉയരുമ്പോള്ത്തന്നെ മാറ്റി നിര്ത്താനല്ലേ ശ്രമിക്കേണ്ടത്-മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിവാദം
ശബരിമല സ്വര്ണക്കൊള്ള കേസില് എ. പത്മകുമാറിനെതിരേ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ശബരിമലയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെക്കുറിച്ച് പറയുന്നത് ശരിയല്ലെന്നായിരുന്നു പിണറായിയുടെ മറുപടി.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആരു തെറ്റു ചെയ്താലും സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നു പാര്ട്ടി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നിലവില് ഹൈക്കോടതിയുടെ മേല്നോട്ടത്തില് അന്വേഷണം നടന്നുവരികയാണ്. ഫലപ്രദമായ അന്വേഷണമാണു നടക്കുന്നത്. അന്വേഷണത്തില് പൂര്ണ തൃപ്തിയുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.
വിസി നിയമനം
സര്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്ണര് സ്വീകരിച്ച നടപടി സുപ്രീംകോടതി നിലപാടുകളുടെ ലംഘനമല്ലേയെന്നു സംശയിക്കുന്നു. സുപ്രീംകോടതി നിര്ദേശം പാലിച്ചാണ് മുഖ്യമന്ത്രി എന്നനിലയില് ലിസ്റ്റ് കൊടുത്തത്. ലിസ്റ്റ് കിട്ടിയാല് മുന്ഗണന നിശ്ചയിച്ച് ഗവര്ണര്ക്ക് കൊടുക്കണം. അതില്നിന്ന് വിസിയെ ഗവര്ണര് നിയോഗിക്കണമെന്നാണു സുപ്രീംകോടതി നിര്ദേശിച്ചിട്ടുള്ളത്. എന്നാല് ആ നിര്ദേശം ഗവര്ണറെ പോലൊരാള് ലംഘിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ഫെഡറല് സംവിധാനത്തെ അപകടത്തിലാക്കുന്ന നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതുപോലെ ചില ഗവര്ണര്മാരുടെ ഭാഗത്തുനിന്നും-മുഖ്യമന്ത്രി പറഞ്ഞു.
ജയകുമാറിന്റെ നിയമനം
കെ. ജയകുമാര് ദേവസ്വം ബോര്ഡ് ചെയര്മാനായത് സര്ക്കാര് നിശ്ചയിച്ചതു കൊണ്ടാണ്. അദ്ദേഹം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്. സര്വീസിന്റെ ഭാഗമാണെന്നു പറയാനാകില്ല.
ഇഡി നോട്ടീസ്
തെരഞ്ഞെടുപ്പില് സര്ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതിനാണ് കിഫ്ബിയിലെ ഇഡി നോട്ടീസ്. ഏതായാലും ഇതു തീര്ത്തും പരിഹാസ്യമായിപ്പോയി. ആര്ബിഐ മാനദണ്ഡങ്ങള്ക്ക് അനുസൃതമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളത്. അണുവിട വ്യതിചലിച്ച് ഒരു കാര്യവും ചെയ്തിട്ടില്ല. നിയമത്തിനുമുന്നില് സര്ക്കാരും കിഫ്ബിയും എടുക്കാന് പോകുന്ന നിലപാടും ഇതുതന്നെയാകും-മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി സിഇഒയ്ക്കും എതിരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത് ഓലപ്പാന്പ് കാട്ടി പേടിപ്പിക്കുന്നതിനു സമാനമായ പ്രവൃത്തിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. .
Kerala
തിരുവനന്തപുരം: മസാല ബോണ്ടിൽ ഫെമ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ഇഡി അയച്ച നോട്ടീസിൽ വിശദീകരണവുമായി കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം. ഇഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും മസാല ബോണ്ട് വിനിയോഗത്തിൽ ക്രമക്കേടില്ലെന്നും കിഫ്ബി വ്യക്തമാക്കി.
ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയാറെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ പറയുന്നു. ഇഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും കിഫ്ബി ആരോപിച്ചു. നോട്ടീസുകൾ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്.
നോട്ടീസ് മാധ്യമങ്ങൾക്ക് ചോർത്തിയത് മനഃപൂർവമാണെന്നും കിഫ്ബി ആരോപിക്കുന്നു. മസാല ബോണ്ട് വഴി ശേഖരിച്ച 466. 91 കോടി രൂപ ഉപയോഗിച്ച് ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ചെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. 2016 ലെ ആർബിഐ നിർദ്ദേശങ്ങളുടെ ലംഘനം കേസിൽ കണ്ടെത്തിയെന്നും ഇഡി പറയുന്നു.
Kerala
ന്യൂഡല്ഹി: മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജനറല് സെക്രട്ടറി എം.എ.ബേബി. വസ്തുതകള് ഇല്ലാത്ത നോട്ടീസ് അയച്ച് ഇഡി പേടിപ്പിക്കാനാണ് നോക്കിയത്.
നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നീട് അനങ്ങിയില്ല. ബിജെപി സര്ക്കാരിന്റെ എക്സ്റ്റന്ഷന് ഡിപ്പാര്ട്ട്മെന്റാണ് ഇഡിയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കൊള്ളയില് പാര്ട്ടിക്ക് ഒളിക്കാന് ഒന്നുമില്ല. ഈ വിഷയത്തില് അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തത് ആരായാലും വെളിച്ചത്തുകൊണ്ടു വരും. പാർട്ടിക്ക് ഒരു വേവലാതിയുമില്ല.
ബിഹാറിൽ ഇടതു പാർട്ടികൾക്ക് സീറ്റ് കുറയില്ല. 29 സീറ്റുകളിൽ ഇടതുപാർട്ടികൾ മത്സരിക്കും. ഇക്കാര്യം തേജസ്വി യാദവ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും എം.എ.ബേബി വ്യക്തമാക്കി.